മഞ്ചാടി മരത്തിന്റെ നിഴൽ 5 അമ്മമ്മയുടെ വീട്ടിൽ പോകുന്നതാണ് എനിക്കേറ്റോം ഇഷ്ടം. അതൊരു ഓർമ്മപ്പെടുത്തലിൻറെ വഴിയാണ്. ഇന്നും അവിടത്തെ ഒറ്റയൊരു മരവും പിഴുതെറിയപ്പെട്ടിട്ടില്ല, ഒന്നും തന്നെ നശിപ്പിക്കപ്പെട്ടിട്ടില്ല. അതാരും വലിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തകരായതോണ്ടല്ല ആരും പ്രകൃതിയുടെ മേൽ മെക്കിട്ടു കയറാറില്ല എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം. ടൗണും തിരക്കുകളുമെല്ലാം ആ നാടിനെ ചുറ്റിപ്പറ്റിത്തന്നെ എന്നും ഉണ്ടായിരുന്നു. എന്നാൽ യാതൊരു മാറ്റത്തിനും നിന്നുകൊടുത്തിട്ടില്ലാത്ത നാട്. മലപ്പുറം ജില്ലയിൽ അരീക്കോടെന്ന നാൾക്കുനാൾ വികസിച്ചു വരുന്ന ഇടത്തരം ടൗണിൽ നിന്നും മൈത്ര ബസ്സുകേറി പതിനഞ്ച് രൂപ കൊടുത്താൽ നിങ്ങൾക്ക് ആദാടി എന്ന എന്റെ അമ്മാത്തെത്താം. നാട്ടുകാരുടെ ആവശ്യാർത്ഥം ഒരു ബസ്സെറങ്ങുകയും ബസ്സ് സമരമൊന്നും കണക്കെടുക്കാതെ നാട്ടുകാർ തന്നെ ഒരു കൂലി നിശ്ചയിച്ചു ഓടിക്കുകയും ചെയ്യുന്ന ഒരു ബസ്സാണ് അങ്ങോട്ടേക്കുള്ള ഏക പൊതുവാഹനം. ബസ്സ്, യാത്ര തുടങ്ങുന്നത് സമയമനുസ്സരിച്ചൊന്നുമല്ല . ആളുനിറയുമ്പോ പോകുന്നു ആളു തീരുമ്പോ നിർത്തുന്നു.അത്ര തന്നെ. അമ്പലത്തിനടുത്ത് ജമീലത്താത്താൻറെ പുയ്യാപ്ള നടത്തുന്ന പ...