Skip to main content
മഞ്ചാടി മരത്തിന്റെ നിഴൽ 5

 അമ്മമ്മയുടെ വീട്ടിൽ പോകുന്നതാണ് എനിക്കേറ്റോം ഇഷ്ടം. അതൊരു ഓർമ്മപ്പെടുത്തലിൻറെ വഴിയാണ്. ഇന്നും അവിടത്തെ ഒറ്റയൊരു മരവും പിഴുതെറിയപ്പെട്ടിട്ടില്ല, ഒന്നും തന്നെ  നശിപ്പിക്കപ്പെട്ടിട്ടില്ല. അതാരും വലിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തകരായതോണ്ടല്ല ആരും പ്രകൃതിയുടെ മേൽ മെക്കിട്ടു കയറാറില്ല എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം.

ടൗണും തിരക്കുകളുമെല്ലാം ആ നാടിനെ ചുറ്റിപ്പറ്റിത്തന്നെ എന്നും ഉണ്ടായിരുന്നു. എന്നാൽ യാതൊരു മാറ്റത്തിനും നിന്നുകൊടുത്തിട്ടില്ലാത്ത നാട്. മലപ്പുറം ജില്ലയിൽ അരീക്കോടെന്ന നാൾക്കുനാൾ വികസിച്ചു വരുന്ന ഇടത്തരം ടൗണിൽ നിന്നും മൈത്ര ബസ്സുകേറി പതിനഞ്ച് രൂപ കൊടുത്താൽ നിങ്ങൾക്ക് ആദാടി എന്ന എന്റെ അമ്മാത്തെത്താം.

 നാട്ടുകാരുടെ ആവശ്യാർത്ഥം ഒരു ബസ്സെറങ്ങുകയും ബസ്സ് സമരമൊന്നും കണക്കെടുക്കാതെ നാട്ടുകാർ തന്നെ ഒരു കൂലി നിശ്ചയിച്ചു ഓടിക്കുകയും ചെയ്യുന്ന ഒരു ബസ്സാണ് അങ്ങോട്ടേക്കുള്ള ഏക പൊതുവാഹനം. ബസ്സ്, യാത്ര തുടങ്ങുന്നത് സമയമനുസ്സരിച്ചൊന്നുമല്ല . ആളുനിറയുമ്പോ പോകുന്നു ആളു തീരുമ്പോ നിർത്തുന്നു.അത്ര തന്നെ. അമ്പലത്തിനടുത്ത് ജമീലത്താത്താൻറെ പുയ്യാപ്ള നടത്തുന്ന പലചരക്ക് പീടിക വരെയേ ബസ്സ് ഒള്ളൂ. അവിടെ ഇറങ്ങി മണ്ണിട്ടു നികത്തി ഒരു ലോറിയ്ക്കു കഷ്ടിച്ചു പോകാൻ പറ്റുന്ന വഴിയിലൂടെ നടക്കണം. വഴിയിൽ എല്ലാ വീടുകളിൽ നിന്നും അലക്കുകയൊ തുണി വിരിക്കുകയോ മറ്റെന്തെങ്കിലും പണികളെടുക്കുകയോ ചെയ്തുകൊണ്ടിരിക്കുന്ന താത്തമാരോടും ചേച്ചിമാരോടുമെല്ലാം വിശേഷം പറയണം. കുറേ നാളുകൂടിയാണു വരുന്നതെങ്കിൽ പിന്നെ പറയുകയേ വേണ്ട. ഇതിനെല്ലാം സമയമുണ്ടെങ്കിൽ മാത്രം നിങ്ങളിങ്ങോട്ടു വന്നാൽ മതി കേട്ടോ. ഇടയ്ക്ക് ഒരു ഇല്ലമുണ്ട്. പഴയ ഇല്ലം ഇന്ന് തകർച്ചയുടെ വക്കിലാണ്. തൊട്ടടുത്തുതന്നെ തറവാട്ടില്ലത്തുനിന്നുമാറി പരിഷ്കാരമുള്ള വീടുവെച്ചു  ചെറിയമ്പൂരിയും നമ്പൂതിരിയുടെ രണ്ടാമത്തെ വേളി, എല്ലാരും ചെറ്യമ്മേന്നു വിളിക്കണ എനിക്കിന്നും പേരറിയാത്ത ആ അമ്മയും അവരുടെ പ്രായം മുപ്പതു കഴിഞ്ഞിട്ടും വേളി കഴിക്കാത്ത അപ്പ്വേട്ടാന്നു ഞങ്ങളൊക്കെ വിളിക്കണ അപ്പു നമ്പൂതിരിയും താമസിക്കുന്നു. ഇനി അങ്ങട് രണ്ടു വഴീണ്ട് നമ്മടെ തറവാട്ടിലിക്ക്. ഏതു വഴീക്കുടെ വേണച്ചാലും പോകാം. ഞാൻ റോഡിലൂടെ പോകുന്നത് അപൂർവ്വമാണ്. എനിക്കിഷ്ടം പ്രകാശേട്ടൻറെ വീടുകഴിഞ്ഞാൽ കാണുന്ന ഇടവഴിയാണ്. പ്രകാശേട്ടൻ ടൗണിൽ ബസ്സ് ഓടിക്കുകയാണ്. ഭാര്യ കുടുംബശ്രീയുടെ സജീവപ്രവർത്തക. മിടുക്കികളായ നൂലുപോലെയുള്ള  മൂന്നു പെൺകുട്ടികളാണവർക്ക്. അമ്മമ്മ പറയാറ് ഒരപശബ്ദം ആ വീട്ടിൽനിന്നോ പെൺകുട്ടികൾടെ വായിൽനിന്നോ കേൾക്കാറില്ലെന്നാണ് . പ്രകാശേട്ടന് ഒരനിയൻ ഉണ്ട് മധു. അരീക്കോട് ടൗണിലെ ഒരു അങ്ങാടിമരുന്ന് വിൽപ്പനക്കടയിലാണ് മധുവേട്ടൻ ജോലി നോക്കുന്നത്. മധുവേട്ടന്റെ ഭാര്യ ശ്രീജച്ചേച്ചി മെല്ലിച്ച് നീണ്ട് ഇപ്പം താഴെ വീഴും എന്ന മട്ടിൽ അവരുടെ രണ്ടു കുഞ്ഞുങ്ങളേയും കൊഞ്ചിച്ചെപ്പോഴും അവരുടെ തറവാട്ടു വീടിന്റെ കോലായിൽ ഉണ്ടാകും. മധുവേട്ടൻറെ തറവാട്ടിലേക്ക് ഇല്ലത്തെ പറമ്പിലൂടെയാണു പോകുക.അന്നും ഇന്നും അവർക്ക് വഴിയൊരു പ്രശ്നമേ അല്ല.
പ്രകാശേട്ടന്റെ വീടിന്റെ പിന്നാമ്പുറത്തൂടെ കാണുന്ന കുണ്ടനിടവഴിയാണ് എനിക്ക് പഥ്യം. അതിലൂടെ ഇറങ്ങിയാൽ ഞങ്ങളുടെ തറവാട്ടുവക അമ്പലമുണ്ട്. ശ്രീകൃഷ്ണന്റെ അമ്പലമാണത്. ആർക്കും വേണ്ടാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ് ഞങ്ങളുടെ  തറവാട്ടുദേവൻ. അമ്പലത്തിനടുത്ത്  എന്റെ അപ്പപ്പനു അതായത് എന്റെ അമ്മയുടെ അച്ഛന് ഒന്നരയേക്കറോളം വരുന്ന പറമ്പുണ്ട്. അത് വിറ്റുപോകാനുള്ള തടസ്സമാണ് ഇപ്പോഴീ അമ്പലം. നാട്ടുകാരിൽ നിന്നും തറവാട്ടിൽ നിന്നുമെല്ലാം പിരിവു നടത്തി ഇടയ്ക്കെപ്പോഴെങ്കിലും നമ്പൂതിരിക്ക് ഒഴിവ് ഉണ്ടാകുമ്പോൾ മാത്രം ഇവിടെ ആയിരംതിരി തെളിയിക്കലും മറ്റു പൂജകളും നടത്താറുണ്ട്.

എന്റെ ഓർമ്മയിൽ ഞാൻ അമ്പലത്തിനകത്ത്  ഒരിക്കൽ മാത്രമേ കയറിയിട്ടുള്ളൂ. നിർമ്മാല്യം എന്ന സിനിമയിലെ പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രത്തേക്കാൾ ശോഷിച്ചതാണ് ഈ അമ്പലം. ഇടവഴി കടന്നു തറവാട്ടിലേക്ക് പോകുന്ന നേരത്തെല്ലാം ഞാൻ അമ്പലത്തിനു മുൻപിൽ എത്തി പ്രാർത്ഥിക്കാറുണ്ട്. കൃഷ്ണാ നിനക്കു പൂജ ചെയ്യാൻ ആരെക്കൊണ്ടും കഴിയുന്നില്ലല്ലോ എന്ന്. സ്ത്രീകൾക്കും അബ്രാഹ്മണർക്കും പൂജ ചെയ്യൽ നിഷിദ്ധമാണല്ലോ. എന്നെ ഏല്പിച്ചിരുന്നു എങ്കിൽ ഞാൻ അത് ഭംഗിയായി നടത്തിയെനേ. എന്തുചെയ്യാൻ? ഏഴു ദിവസത്തെ ചോരച്ചാലിന്റെ പേരും പറഞ്ഞു മാറ്റിനിർത്തപ്പെടുമ്പോൾ എൻറെ കൃഷ്ണനുവേണ്ടി ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്നോർത്ത് വിലപിക്കാൻ മാത്രമല്ലേ കഴിയൂ. പൊട്ടിപ്പൊളിഞ്ഞ നിൻറെ ശ്രീകോവിൽ ഞങ്ങൾക്കായി തുറന്നു തരൂ കണ്ണാ..
കുറച്ചുനേരം അവിടെ നിന്നു കണ്ണീർ വാർക്കും. ഒരു ദീർഘനിശ്വാസം ഉതിർത്ത് ആശ്വസിക്കും.

 അമ്പലത്തിനു മുൻപിൽ ഒരു വലിയ പുളിമരമുണ്ട്. അതിന്റെ എത്താകൊമ്പത്ത് ധാരാളം പുളിങ്ങകൾ ഇറിഞ്ഞിലുകണക്കേ നമ്മുടെ വായിലു വെള്ളം ഊറിച്ച് ഗമയോടങ്ങനെ നമ്മളെ നോക്കി കൊഞ്ഞനം കുത്തും." എന്തായാലും നീ ഒരിക്കെ താഴെ വീഴും എന്നാ പിന്നെ എന്റെ മുന്നില്ക്കു വീണുടെടാ പുള്യേ?" ആരു കേൾക്കാൻ. സഹിക

Comments

Popular posts from this blog

മഞ്ചാടി മരത്തിന്റെ നിഴൽ

മഞ്ചാടി മരത്തിന്റെ നിഴൽ (chapter 1)                    -Snehaprabha PS ഇതൊരു കാത്തിരിപ്പിന്റെ പുസ്തകമാണ്. വർഷങ്ങൾക്കിപ്പുറം ഞാനിരുന്നെഴുതുന്നത്. ഓരോ വരികളിലും ഞാൻ ജീവിച്ചുതീർത്ത ജീവിതമാണ്. ഒത്തിരി കാലം കഴിയുമ്പോൾ ഇതെടുത്തു വായിച്ചു ചിരിക്കുകയും ഒരുവേള ഓർമ്മകളിലേക്ക് ഊളിയിടുകയും പിന്നീട് എന്തോ വീണ്ടെടുത്ത പോലെ ദീർഘനിശ്വാസം ഉതിർക്കുകയും ചെയ്യുന്ന എന്നെ എനിക്കു കാണാം. മനസ്സിന് വല്ലാത്ത ഓട്ടമാണ്. ആ ഓട്ടത്തിനു ഒപ്പിച്ചു വിരലുകൾ ചലിക്കുന്നില്ല. അതുകൊണ്ടാണ് തെറ്റുകൾ വരുന്നത്. ഒന്നാലോചിച്ചാൽ ജീവിതവും ഇങ്ങനെ തന്നെയല്ലേ. നാം മനസ്സിനൊപ്പം ഓടുകയാണ് ഓരോ നിമിഷവും. ഫാൻറസികൾക്ക് പിന്നാലെ, സ്വപ്നങ്ങൾക്കു പിന്നാലെ, ആഗ്രഹങ്ങൾക്കും അത്യാഗ്രഹങ്ങളും പിന്നാലെ. എന്നാൽ  റിയാലിറ്റി നമ്മോടൊപ്പം എത്താൻ കഴിയാതെ തളർന്നു പോകുന്നു. തെറ്റുകൾ വരുത്തുന്നു, അത് വീണ്ടും വീണ്ടും ആവർത്തിക്കുകയും ചെയ്യുന്നു. ഈ പകൽവെളിച്ചം മങ്ങുന്നിടത്ത് സമയമില്ലാത്ത സമയത്ത് ഞാനിരുന്നു എഴുതുന്നത് എന്താണാവോ. ചില തോന്നലുകൾക്ക് സമയനിഷ്ഠ ഇല്ലല്ലോ. ...
മഞ്ചാടി മരത്തിന്റെ നിഴൽ(അധ്യായം 4)                         - Snehaprabha PS ഈ വഴികളിലൂടെ, മാമ്പൂ മണക്കുന്ന ഈ നാട്ടിടവഴികളിലൂടെ, കവുങ്ങിൻ തോട്ടങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ആ ഇടങ്ങളിൽ ജീവിക്കുവാൻ ഭാഗ്യം സിദ്ധിച്ചവരെയോർത്തു  അസൂയ പൂണ്ടു പോകുന്നു. ആ കുന്നിൻപുറത്തെ വീടും ഈ കുണ്ടനിടവഴിയും മരിക്കുവോളം അങ്ങനെതന്നെ ഉണ്ടായിരുന്നെങ്കിൽ.  പരസ്പരം പിരിഞ്ഞു പോകാതെ ആ വഴികളെ  പിണച്ചിട്ട പാറകളിൻമേൽ. ഹാ! നിർവൃതി! ഹൃദയം ശൂന്യം. മൗനം. ആ പാറയിൽ ഇരുന്ന് ഒരൽപ്പനേരം ധ്യാനം. എനിക്കു ചിറകു മുളയ്ക്കുന്നു.  ഞാനറിയുന്നുണ്ട് താളിയോലകളിൽ എന്നോ  എന്റെ പേരിനോടൊപ്പം എഴുതി ചേർക്കപ്പെട്ട മറ്റൊരു പേരിനെ.  എനിക്കോർക്കാൻ ആകുന്നുണ്ട്  നഷ്ടം കണക്കെടുക്കാനാകാത്ത ആദ്യ സുരതത്തിന്റെ ആനന്ദനിർവൃതിയിൽ നീയലിഞ്ഞില്ലാതാകുന്നതിൻറെ വേദനയെ. അവിടെ വച്ച്  നിനക്കെൻറെ സ്നേഹം തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? നിന്നെ ബലമായി  പിടിച്ചുകൊണ്ടുപോയി ആ പാറയിൽ ഇരുത്തി നഗ്...
നിങ്ങൾക്കെന്നെ എന്തും വിളിക്കാനുള്ള  സ്വാതന്ത്ര്യമൊന്നും ഞാൻ തന്നിട്ടില്ല.  എനിക്കെന്റെ  വ്യക്തിത്വത്തോടും ഹൃദയത്തോടുമുള്ള സ്നേഹത്തിന്റെ അളവുകോൽ എത്രയെന്നു എണ്ണിത്തിട്ടപ്പെടുത്താൻ  ഈ ഭൂമിയിൽ ആരെയും ഞാൻ അനുവദിച്ചിട്ടുമില്ല. പറയാമോ എന്ന് ചോദിച്ചപ്പോൾ പറയാമെന്നു പറഞ്ഞു. അത്ര തന്നെ. പറയണം എന്നു തോന്നി, അതിനപ്പുറവും ഇപ്പുറവും ഇല്ല.  കേൾക്കുമ്പോൾ അഹങ്കാരി എന്ന് തോന്നിയേക്കാം. അതു നിങ്ങളെന്നെ മനസ്സിലാക്കിയതിന്റെ പാകപ്പിഴകളാണ്. അല്ലെങ്കിലും ഒറ്റനോട്ടത്തിൽ ഒരാളുടെ കുറവുകളെയും ഇത്തിരി കൂടുതലുകളെയും തിരയാനല്ലേ നിങ്ങൾക്കു വ്യഗ്രത?  അതിനുമപ്പുറം ചിലകാര്യങ്ങൾ ഉണ്ട് എന്നു മനസ്സിലാക്കി വരുമ്പോഴേക്കും 'അയ്യോ' എന്നൊച്ചവെയ്ക്കാൻ മാത്രമേ നിങ്ങൾക്കൊക്കെ കഴിയൂ.         എന്റെ സ്വപ്നങ്ങളുടെയൊക്കെ  അർത്ഥം പറയാൻ നിങ്ങൾക്ക് എങ്ങനെയാണു കഴിയുക? എന്റെ സ്വപ്നങ്ങൾ, അതെന്റെ മാത്രമാണ്. മറ്റെല്ലാം ആരുടെയെങ്കിലും  ഔദാര്യമോ സ്നേഹമോ ആണെന്ന് പറഞ്ഞാലും ഞാൻ സമ്മതിച്ചു തന്നേനെ. ഇതിപ്പോൾ ആകെക്കൂടി കൂട്ടിക്കിഴിച്ചു നോക്കിയാൽ ഈ സ്വപ്നങ്ങൾ മാത്രമേ എന്റെ ...